Aaryaprabhakaran

അരമുള്ള ഈർച്ചവാൾ ആ  മരമുത്തശ്ശന്‍റെ പരുപരുത്ത മേനിയിൽ രാകിയിട്ട് പോയപ്പഴേ എല്ലാവർക്കും കാര്യം പിടികിട്ടി. ആ ദിവസം എത്താറായി. മുത്തശ്ശനെ ഉലച്ചുകൊണ്ട് കിളിക്കൂട്ടം ഒന്ന് പിടഞ്ഞു. മർക്കട വീരന്മാർ എങ്ങോട്ടെന്നില്ലാതെ ശിഖരങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരുന്നു. വേഴാമ്പൽ അപ്പോഴും ഒരു താപസിയെപ്പോലെ ചക്രവാള സീമയിലേക്ക് കണ്ണും നട്ടിരുന്നു. ഈർച്ചവാളിന്‍റെ മുറിക്കണ്ണില്‍ നിന്നും അശ്രു ബിന്ദുക്കൾ ഒഴുകിയിറങ്ങി. മുറിവുണക്കാൻ തനിക്കു സാധിക്കുമെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആ പാടുമായിക്കാൻ മാത്രം വേഗതയിൽ തന്‍റെ കോശങ്ങൾ ഇപ്പൊ വിഭജിക്കുന്നില്ലെന്ന സത്യം നന്നായിട്ടറിയുന്ന മുത്തശ്ശൻ മീനച്ചൂടിലെ കാറ്റിനോടെങ്കിലും എനിക്ക് ജയിക്കണമെന്ന വാശിയിൽ തലകുനിക്കാതെ, ശിഖരങ്ങൾ അനക്കി വായുദേവനെ വന്ദിച്ചു.

    അവസാനത്തെ സൂര്യ രശ്മിയും ഭൂമിയിൽ തട്ടി ഇരുട്ടിലലിഞ്ഞപ്പോഴേക്കും ആ കുടുംബം അവിടെ ഒന്നിച്ചു കൂടി. മുത്തശ്ശന്‍റെ എളിയിൽ പൊന്നോമനയെ പോലെ ആ അണ്ണാൻ കുഞ്ഞ് പതുങ്ങിയിരുന്നു. മറ്റൊരു താവളം തേടിയുള്ള യാത്രക്കായി എല്ലാവരും ഒരുങ്ങുമ്പോഴും അണ്ണാൻ കുഞ്ഞ് ഒന്നും മിണ്ടാതെ മുതുകിലെ മൂന്നു പാരമ്പര്യ രേഖകളും പേറി അവിടിരുന്നു.

    തന്നെ വരിഞ്ഞുമുറുക്കി കഷ്ണിക്കുന്ന ക്രൂര സ്വപ്നത്തിൽനിന്നും മുത്തശ്ശൻ തണുത്ത കാറ്റേറ്റ് ഞെട്ടി ഉണർന്നു. മീനച്ചൂടിലേക്ക് വീണ ആദ്യത്തെ മഴത്തുള്ളി വറചട്ടിയിലേക്ക് വീണ എണ്ണ തുള്ളിയെപ്പോലെ ആവിയായി. ആകാശത്തിന്‍റെ ആ അന്ത്യകൂദാശ തികഞ്ഞ ശാന്തതയോടെ ഏറ്റുവാങ്ങി ഭൂമിദേവിക്ക് അത്യന്തം ലോലതയോടെ കൈമാറി. കീഴിലുള്ള ഓരോ പുൽ നാമ്പും മഴതുള്ളികളെ ആർദ്രതയോടെ കൈമാറിയ മുത്തശ്ശനെ നന്ദിയോടെ വണങ്ങി. മാമ്പഴം പെറുക്കി പോകുന്ന ഓരോ കുരുന്നും സ്നേഹമുള്ള നോട്ടം കൈമാറി.

     “ഇനീം വൈകിക്കാൻ പറ്റില്ല! ഇടവപ്പാതി ഇങ്ങെത്തിയെന്നാ തോന്നണെ, രാഘവാ, ഇപ്പോതന്നെ നീ അതങ്ങു തീർത്തു കള” കാരണവർ പറഞ്ഞു തീർത്തിട്ടു പണ്ട് ഊഞ്ഞാലാടിയും കണ്ണാരം പൊത്തിയും കളിച്ചു തിമിർത്ത മാവിൻചോട്ടിൽ അവനുള്ള ഉപഹാരവുമായി രാഘവന്‍ കാത്തിരുന്നു. അമ്പതു മുഴം കയറ്! അപ്പോഴും കുഞ്ഞിലകൾ ഇളം കാറ്റിൽ ആടിക്കളിപ്പിച്ചു കാരണവരെ മുത്തശ്ശൻ തന്‍റെ തണലിലേക്ക് ചേർത്ത് നിർത്തി.

ഇടവപ്പാതി കഴിഞ്ഞു … കാറ്റിൽ വസന്തത്തിന്‍റെ ചേല് വന്നു… മണ്ണിൽ പൂക്കളുടെ ദൃശ്യമിഴിവു വന്നു… ആ മരക്കുറ്റിയിൽ പുത്തൻ നാമ്പുകളും! ഒരു വിജയിയെപ്പോലെ ആ പുതു നാമ്പ് സൂര്യനെ അഭിമുഖീകരിച്ചു നിന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ എന്നെ തോല്പിക്കാനാവില്ല മക്കളെ എന്ന് അത് ഓർമിപ്പിച്ചു. പ്രഭാതത്തിലെ സൂര്യന്‍റെ മഞ്ഞ രശ്മികൾ ആ നാമ്പിന് പുത്തൻ ഓജസ്സുനൽകി. അത് തലയുയർത്തി സൂര്യരശ്മികൾ ഏറ്റുവാങ്ങി, എല്ലാം നേരിടാനായി ശിരസ്സുയർത്തിത്തന്നെ!

Advertisements